Career after plus-two - Btech Computer Science or BCA
Shamsudeen S Shamsudeen S
career
career #btech-computer-science #bca #plus-two 399 views  · 2026-05-26

Career after plus-two - Btech Computer Science or BCA

❤️
👍
😮
399
Open on Facebook

ബി.ടെക് കമ്പ്യൂട്ടർ സയൻസ് എടുക്കുന്നതാണോ അതോ ബി.സി.എ എടുക്കുന്നതാണോ കൂടുതൽ നല്ലത്? പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്ഥിരം സംശയങ്ങളിൽ ഒന്നാണിത്. ഇന്ന് ഇതേ ചോദ്യവുമായി എന്നെ ഒരാൾ സമീപിച്ചപ്പോൾ, കൂടുതൽ ആലോചിക്കാതെ തന്നെ ഞാൻ നൽകിയ മറുപടി "ബി.ടെക് തിരഞ്ഞെടുക്കുക" എന്നാണ്. അതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്: 1. പ്രൊഫഷണൽ ഡിഗ്രിയുടെ വില ബി.ടെക് ഒരു പ്രൊഫഷണൽ ഡിഗ്രിയാണ്. സിദ്ധാന്തങ്ങൾക്കപ്പുറം പ്രായോഗികമായി കാര്യങ്ങളെ കാണാൻ അതൊരു ഗുണം ചെയ്യും. വെറും തിയറികൾ പഠിക്കുന്നതിന് അപ്പുറം, ഒരു എൻജിനീയറിങ് കാഴ്ചപ്പാടോടെ പ്രായോഗികമായി കാര്യങ്ങളെ സമീപിക്കാൻ ഈ വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കും. അതൊരു വലിയ വ്യത്യാസമാണ്. 2. തൊഴിൽ വിപണിയിലെ മൂല്യം കമ്പനികളിൽ ജോലിക്കായി ശ്രമിക്കുമ്പോൾ, ബി.സി.എ കഴിഞ്ഞ് വീണ്ടും പഠിച്ച് എം.സി.എ കൂടി പൂർത്തിയാക്കിയ ഒരാൾക്ക് തുല്യമായിട്ടാണ് ഒരു ബി.ടെക്കുകാരനെ മിക്കയിടത്തും പരിഗണിക്കുന്നത്. ഉദാഹരണത്തിന്, software engineer പോലുള്ള തസ്തികകളിലേക്ക് ബി.ടെക് OR എം.സി.എ ആണ് അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത്; 3. പഠനനിലവാരത്തിലെ വ്യത്യാസം ഇന്ന് മിക്കവാറും എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ബി.സി.എ കോഴ്സുകൾ ലഭ്യമാണ്. ഒട്ടേറെപ്പേർ അത് പഠിച്ചിറങ്ങുന്നുമുണ്ട്. എന്നാൽ, ബി.ടെക് എൻജിനീയറിങ് കോളേജുകളിൽ മാത്രം പഠിപ്പിക്കുന്ന ഒന്നായതിനാൽ അക്കാദമിക് ആയി അതിന്റേതായ ഒരു നിലവാരം എപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. 4. കോഴ്സ് കാലാവധിയിലെ മാറ്റം പണ്ട് ബി.സി.എ പഠിക്കാൻ മൂന്ന് വർഷം മതിയായിരുന്നു. വേഗം പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിക്കാം എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആകർഷണം. എന്നാൽ പുതിയ വിദ്യാഭ്യാസ രീതികൾ വന്നതോടെ ബി.സി.എ കോഴ്സുകളും നാല് വർഷമായി മാറി. ഒരേ സമയം ചിലവാക്കേണ്ടി വരുമ്പോൾ, അത് കൂടുതൽ മൂല്യമുള്ള ഒരു പ്രൊഫഷണൽ ഡിഗ്രിക്ക് വേണ്ടി മാറ്റിവെക്കുന്നതല്ലേ എപ്പോഴും ബുദ്ധി? ഇതൊക്കെയാണെങ്കിലും ഒരു കാര്യം പ്രത്യേകം ഓർക്കുക: നിങ്ങൾ ബി.ടെക് എടുത്താലും ബി.സി.എ എടുത്താലും, പഠിക്കാൻ തിരഞ്ഞെടുക്കുന്ന കോളേജും അവിടുത്തെ അധ്യാപകരും വളരെ പ്രധാനമാണ്. ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതിയ ടെക്നോളജികൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അഡ്മിഷൻ എടുക്കുന്നതിന് മുൻപ് തന്നെ അന്വേഷിച്ച് ഉറപ്പുവരുത്തുക. കാലത്തിനൊത്ത് അപ്ഡേറ്റഡ് അല്ലാത്ത എന്ത് പഠിച്ചിട്ടും കാര്യമില്ലല്ലോ.

SHARE THIS POST